കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണം പണയം വെച്ചവരും നെട്ടോട്ടത്തിലാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ചവർക്കാണ് ബാങ്കുകളിൽ നിന്ന് മെസ്സേജുകളും കത്തും കിട്ടുന്നത്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നാണ് ആവശ്യം.
‘നിങ്ങൾക്ക് അനുവദിച്ച സ്വർണപ്പണയ വായ്പയിൽ നിശ്ചിത ശതമാനം മാർജിൻ നിലനിർത്തേണ്ടതാണെന്ന് നിങ്ങൾ സമ്മതിച്ചതാണല്ലോ, എന്നാൽ സ്വർണവില കുറഞ്ഞതോടെ അനുവദിച്ച തുക വായ്പാ പരിധിക്ക് മുകളിലാണ്. അതിനാൽ ഉയർന്ന നിരക്കിൽ അന്ന് അധികമായി നൽകിയ തുക തിരികെ അടയ്ക്കണം. പണമോ ചെക്കോ അധിക സ്വർണം പണയം വെച്ചോ ഈ കുറവ് നികത്താൻ ഉപദേശിക്കുന്നു’ – എന്നിങ്ങനെയാണ് ബാങ്കുകളിൽ നിന്ന് വരുന്ന മെസ്സേജുകളുടെയും കത്തുകളുടെയും ഏകദേശ ഉള്ളടക്കം.
നിരക്ക് മാറുന്നതിന് അനുസരിച്ച് ദിവസവും മെസ്സേജുകളും എത്തും. ഉദാഹരണത്തിന് നാലേമുക്കാൾ ലക്ഷത്തിന് കഴിഞ്ഞ സെപ്റ്റംബറിൽ വായ്പ എടുത്തവർ ഇന്ന് കുറഞ്ഞത് 9,000 രൂപയെങ്കിലും തിരികെ അടക്കേണ്ട സ്ഥിതിയുണ്ട്. ലോൺ ടു വാല്യൂ അഥവാ എൽടിവി ആണ് ഇതിന് അടിസ്ഥാനം. കഴിഞ്ഞ ജനുവരി മാസത്തിൽ നിന്ന് ഇന്ന് ഒരു പവന് 38,280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഏകദേശം 29.4 ശതമാനത്തിന്റെ മൂല്യത്തകർച്ച. ഇന്ന് കുറഞ്ഞ, അന്ന് അധികം കിട്ടിയ തുകയാണ് ഇങ്ങനെ തിരികെ അടയ്ക്കേണ്ടി വരുന്നത്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ ടു വാല്യു അനുപാതം അനുസരിച്ചാണ് വായ്പ തുക അനുവദിക്കുന്നത്. റിസർവ് ബാങ്ക് നിയമപ്രകാരം 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 85 ശതമാനവും അഞ്ച് ലക്ഷം രൂപ വരെ 80 ശതമാനവും 25 ലക്ഷത്തിന് മുകളിൽ എങ്കിൽ 75 ശതമാനവുമാണ് വായ്പയായി അനുവദിക്കുന്നത്. ഇതെല്ലാം നമ്മളെ അറിയിച്ച് ഒപ്പിട്ട് വാങ്ങിയാണ് എല്ലാ ബാങ്കുകളും വായ്പ അനുവദിക്കുക. അതിനാൽ സ്വർണ മൂല്യത്തിൽ മാറ്റം വരുമ്പോൾ റിസർവ് ബാങ്ക് നിയമപ്രകാരമാണ് ഇങ്ങനെ മുന്നറിയിപ്പുകൾ വരുന്നത്.
ഇനി പണം അടച്ചില്ലെങ്കിൽ ഈ സ്വർണമെല്ലാം ബാങ്കുകൾ ലേലം ചെയ്യുമോ? ഇല്ല. നോട്ടീസ് നൽകണം, പത്രപരസ്യം നൽകണം തുടങ്ങി ശക്തമായ നിയമമാണ് ഉപഭോക്താക്കൾക്കായി ആർബിഐ ഉറപ്പ് നൽകുന്നത്. എന്നാൽ പലിശ അടയ്ക്കുന്നതിൽ തുടർച്ചയായി വീഴ്ച വന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും.
ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം 30,000 ടൺ സ്വർണമുണ്ടെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടനകളുടെ കണക്ക്. കേരളത്തിൽ അത് 2000 ടൺ വരെയാണ്. 22 കാരറ്റ് സ്വർണമെങ്കിൽ, ഗ്രാമിന്റെ 4,785 രൂപ വില ഇടിവ് മാത്രമാണ് പരിഗണിക്കുക. 9.57 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമാണ് സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് ചെറിയ സമയത്തിൽ ഇടിഞ്ഞത്. സ്വർണവ്യാപാരികൾ ചൂണ്ടിക്കാട്ടുന്ന ഏകദേശ കണക്കാണ് ഇതെങ്കിലും സ്വർണം നിക്ഷേപമായി കണ്ടവർക്കാണ് നിലവിൽ ആശങ്ക. അതേസമയം സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെങ്കിൽ സീൻ മാറും. സ്വർണം ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തിന് സ്വർണവിലയിൽ ഇടപെടൽ വളരെ കുറവായതിനാൽ ലോകകാര്യങ്ങളിൽ കൂടി കണ്ണുവെച്ച് പൊന്ന് എങ്ങോട്ടെന്ന് നോക്കി ഇരിക്കേണ്ടി വരും.
