‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറി അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

news image
Nov 21, 2026, 3:52 am GMT+0000 payyolionline.in

കോഴിക്കോട്: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ്ഹിൽ സ്വദേശി അർജുനെയാണ് (36) വെള്ളയിൽ പോലീസ് പിടികൂടിയത്. ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ’ എന്ന് ചോദിച്ച് ഇയാൾ പോലീസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാരന്റെ പരാതിയിലാണ് നടപടി.

​ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റെന്ന പേരിൽ ചികിത്സയ്ക്കെത്തിയ രണ്ടുപേരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന അർജുൻ ഇതിന് വിസമ്മതിക്കുകയും ഡോക്ടറോട് തട്ടിക്കയറി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയുമായിരുന്നു.

​ബഹളം കേട്ട് ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ പ്രകോപിതനായ അർജുൻ പോലീസുകാരനോട് കയർത്ത് സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തതായാണ് പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe