കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു എന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്. 2017-ൽ ബിഎ സംസ്കൃത സാഹിത്യത്തിൽ തോറ്റ വിദ്യാർഥിനി 2019-ൽ എംഎ മലയാളത്തിന് വിജയിച്ചു എന്നാണ് കണ്ടെത്തൽ. വിദ്യാർഥിനി പരീക്ഷ തോറ്റ അതേ വർഷം തന്നെ MA യ്ക്ക് അഡ്മിഷൻ ലഭിച്ചു. മുൻപ് വിവാദമായ എസ്എഫ്ഐ നേതാവ് കലേഷിന്റെ പിജി പ്രവേശനത്തിലും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഈ വർഷം സെപ്റ്റംബറിൽ വിദ്യാർഥിനി അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുണ്ട്. അഡ്മിഷൻ നൽകിയത് വിദ്യാർഥിനി പരീക്ഷ തോറ്റ അതേ വർഷം തന്നെയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏത് മാനദണ്ഡപ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ്.
അതേസമയം, കാലടി സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർഥികളുടെ സമരം 20-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി മറ്റന്നാൾ വിധി പറയും. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധവും വിവിധ ഇടങ്ങളിൽ തുടരുകയാണ്.
