കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രി കെ എം ഷാജിക്ക് ആശ്വാസം. കോഴിക്കോട് വിജിലൻസ് യൂണിറ്റ് എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃതമായ സ്വത്ത് സമ്പാദനം നടത്തി എന്നതായിരുന്നു പരാതി. പിന്നീട് ഇതിൽ ഏറെ അന്വേഷണങ്ങൾ നടക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ വീട് റെയ്ഡ് ചെയ്യുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഈ റെയ്ഡ് നടന്നത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് ഈ പണം തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2011 മുതൽ 2020 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും കോഴിക്കോട് ഒന്നര കോടി രൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്തിലൂടെയാണെന്നും ആരോപിച്ചാണ് വിജിലൻസ് കേസെടുത്തത്. സിപിഎം പ്രവർത്തകനായ എം.ആർ. ഹരീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധികൾക്കെതിരെ സംസ്ഥാന സർക്കാരും ഇ.ഡിയും നൽകിയ അപ്പീലുകൾ സുപ്രീം കോടതിയും തള്ളിയിരുന്നു.
