തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം. അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മിൽമയും ബോർഡും തമ്മിൽ ധാരണയിലെത്തുന്നത്. മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മിൽമ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.
ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനിൽക്കേയാണ് വീണ്ടും കരാർ. മിൽമയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചത്. എന്നാൽ വന്നത് നെയ്യ് ക്രമേക്കേടിൽ ആരോപണ വിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെൻഡർ തന്നെ ദേവസ്വം ബോർഡ് ഒഴിവാക്കി. എന്നാൽ പിന്നീട് വിളിച്ച ടെൻഡറിൽ മറ്റാരും വരാതായതോടെ മിൽമയെ തന്നെ ആശ്രയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. പതിനായിരം ലിറ്റർ നെയ്യാണ് അടിയന്തരമായി നൽകാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ അയ്യായിരം ലിറ്റർ ഇന്ന് നൽകും. വിവാദം നലനിൽക്കുന്ന സാഹചര്യത്തിൽ മിൽമ സ്വന്തം വാഹനത്തിൽ ആണ് നെയ്യ് പമ്പയിൽ എത്തിക്കുന്നത്.
ഫുഡ് സേഫ്റ്റിയുടെ അടക്കമുള്ള ഗുണനിലവാര പരിശോധന കർശനമായി പൂർത്തിയാക്കിയാണ് നെയ്യ് കൈമാറുന്നത്. ആകെ അമ്പതിനായിരം ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങൾക്ക് തികയുമോയെന്ന് നോക്കിയശേഷം മാത്രമായിരിക്കും കൂടുതൽ നെയ്യ്ക്കായുള്ള കരാറിൽ ഏർപ്പെടുക. നെയ്യ്ക്ക് ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോർഡിനോട് മിൽമ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മിൽമ നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസിൽ രണ്ട് പേരിൽ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടിൽ പങ്കുള്ള ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിലുള്ള കൂടുതൽ പേരുടെ പങ്കാളിത്തം തെളിയുമെന്നാണ് വിജിലൻസ് അനുമാനം.
