വടകര: തിരുവള്ളൂർ ശാന്തിനഗർ കോളനിയിൽ വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപന നടത്തിവന്നയാളെ വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മേക്കോടക്കാട്ട് വീട്ടിൽ സുരേഷ് (52) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.
ഇയാൾക്കെതിരെ പ്രദേശവാസികളിൽ നിന്ന് എക്സൈസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി. കെ. ജയപ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രേഷ്മ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ്, മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ എന്നിവരും ഉണ്ടായിരുന്നു. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
