സംഘർഷാവസ്ഥയ്ക്ക് ശമനമില്ല: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം

news image
Oct 31, 2026, 1:25 pm GMT+0000 payyolionline.in

കോഴിക്കോട് : ക്യാമ്പസ് തിരഞ്ഞെടുപ്പിനിടെയുണ്ടായ യു.ഡി.എസ്.എഫ്. – എസ്.എഫ്.ഐ. കടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് സർവകലാശാല അധികൃതരുടെ ഈ അടിയന്തര നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവകലാശാല പഠന വകുപ്പുകൾ ഉൾപ്പെടെ യാതൊന്നും പ്രവർത്തിക്കില്ല. കൂടാതെ, പുരുഷ ഹോസ്റ്റലുകളിൽ കഴിയുന്ന മുഴുവൻ വിദ്യാർഥികളോടും ഉടനടി ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

​ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ തുടങ്ങിയ യു.ഡി.എസ്.എഫ്. – എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടൽ പിന്നീട് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. മത്സരത്തിൽ എസ്.എഫ്.ഐ. മുഴുവൻ സീറ്റുകളിലും വിജയിച്ചതായി ഫലം വന്നതോടെ അർദ്ധരാത്രിയിലും അക്രമ സംഭവങ്ങൾ തുടർന്നു.

​ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്.എഫ്.ഐ. പ്രവർത്തകരെ ലക്ഷ്യമിട്ട് എം.എസ്.എഫ്. പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ഇതിന്റെ തുടർച്ചയായി പുലർച്ചെ രണ്ടരയോടെ എം.എസ്.എഫ്. പ്രവർത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലുള്ള വീടിനുനേരെയും നൗഫലിന്റെ വളാഞ്ചേരിയിലുള്ള വീടിനുനേരെയും പെട്രോൾ ബോംബേറ് ഉണ്ടായി.

*ആറ് പേർ അറസ്റ്റിൽ

​അതേസമയം, സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷത്തിലും ആശുപത്രി ആക്രമണത്തിലും പെട്രോൾ ബോംബേറിലും ഉൾപ്പെടെ ഇതുവരെ 6 പേർ അറസ്റ്റിലായിട്ടുണ്ട്. രണ്ട് യു.ഡി.എസ്.എഫ്. പ്രവർത്തകരും നാല് എസ്.എഫ്.ഐ. പ്രവർത്തകരുമാണ് ഇതുവരെ പോലീസിന്റെ പിടിയിലായത്.

​എം.എസ്.എഫ്. പ്രവർത്തകർക്കെതിരായ ആക്രമണത്തിലും പെട്രോൾ ബോംബേറിലും പങ്കാളികളായ എസ്.എഫ്.ഐ. പ്രവർത്തകരായ അഹമ്മദ് മർഷദ്, മുഹമ്മദ് മിഥിലാജ്, ഹനീൻ, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിൽ കയറി ആക്രമണം നടത്തിയ കേസിൽ യു.ഡി.എസ്.എഫ്. പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും കർശന നടപടിയെടുക്കുന്നതിനായി സർവകലാശാല തലത്തിലുള്ള പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe