കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി ‘നാഗേഷ്’ എന്ന് വിളിക്കുന്ന രാജേഷ് ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. സമാനമായ കുറ്റകൃത്യങ്ങൾ മുൻപും നടത്തിയിട്ടുള്ള ഇയാളെ നാട്ടുകാർ പലതവണ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച (അഞ്ചാം തീയതി)യായിരുന്നു കേസിനാസ്പദമായ സംഭവം. താമരശ്ശേരി പരപ്പൻപൊയിലിൽ നിന്ന് പടനിലത്തേക്ക് ബസ് കയറിയ കോളേജ് വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യാത്രക്കാരിൽ നിബിഡമായി ആൾക്കാരുണ്ടായിരുന്ന ബസ് മണ്ണിൽകടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പ്രതിയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്.
സ്ത്രീകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ബസ്സുകളിൽ മുൻഭാഗത്ത് മാത്രം കയറിനിന്ന് ഇത്തരം കൃത്യങ്ങൾ നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് നാട്ടുകാർ പറയുന്നു. ഉപദ്രവം സഹികെട്ട പെൺകുട്ടി ബസ്സിൽ വെച്ച് തന്നെ ഉറക്കെ ബഹളം വെക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പെൺകുട്ടി പ്രതികരിച്ചതിനെത്തുടർന്ന് ബസ് നിർത്തിയ ഉടൻ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ തന്നെയാണ് പോലീസിൽ വിവരം അറിയിച്ചതും പ്രതിയെ പിടികൂടാൻ സഹായിച്ചതും.
