വടകര: വടകരയിൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിലെ അഞ്ചാം പ്രതിയും ഇരിട്ടി സ്വദേശിയുമായ ജിജിൽ കുര്യാക്കോസിന് (23) വടകര എൻ.ഡി.പി.എസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.
ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടി രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ പേരാമ്പ്ര ബി.ആർ.സിയിലെ ട്രെയിനർ നീഷ്മ, മരുതോങ്കര സ്വദേശിനി കെ.സി. കീർത്തന, കൂരാച്ചുണ്ട് സ്വദേശിനി കൊല്ലനാരി കാവ്യ എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജാമ്യം ലഭിച്ചിരുന്നു.
വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ വൻകിട ലഹരി സംഘങ്ങളുമായി പിടിയിലായ അധ്യാപികമാർ അടക്കമുള്ളവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ ആദ്യം പിടിയിലായത് വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനാണ്. യുവതികളെ മുന്നിൽ നിർത്തി ലഹരി ഇടപാടുകൾ നടത്തുന്ന ശൃംഖലയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
