നന്തിബസാർ: സാമ്പത്തിക പരിമിതികളും രോഗങ്ങളും കാരണം സമൂഹം ഏറെ പ്രയാസമനുഭവിക്കുന്ന കാലഘട്ടത്തിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില പറഞ്ഞു. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നന്തിബസാറിന്റെ 16-ാം വാർഷികാഘോഷം മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഡോ. യു. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലി, വിജിലൻസ് ലീഗൽ അഡ്വൈസർ ഒ. ശശി എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് ട്രഷറർ ഒ. രാഘവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.കെ. ഇസ്മയിൽ നന്ദിയും പറഞ്ഞു.
വാർഷികത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ പരിപാടിയിൽ യോഗാചാര്യ ഡോ. എൻ. വിജയരാഘവൻ മാസ്റ്റർ ‘സ്ട്രെസ് മാനേജ്‌മെന്റ്’ (മാനസികസമ്മർദ്ദം കുറയ്ക്കാം) എന്ന വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന് എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. റിയാസ് അഹമ്മദിന്റെ നേതൃത്വത്തിൽ അടിയന്തര ജീവൻരക്ഷാ മാർഗ്ഗമായ സി.പി.ആർ (CPR) പരിശീലനവും പഠനക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി നാട്ടുകാരും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു.

