തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കേരളതീരത്ത് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ തിരമാലയ്ക്കും കടല്‍ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി. ഈ മാസം 28 വരെ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം.
അപകട സാധ്യതാ മേഖലകളില്‍ നിന്നും മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ കെട്ടി സൂക്ഷിക്കണം.
പ്രത്യേക ജാഗ്രത ആവശ്യമുള്ള പ്രദേശങ്ങൾ
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ, കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം : മുനമ്പം FH മുതല്‍ മറുവക്കാട് വരെ, തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ, മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ, കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ, കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ, കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയാണ് പ്രത്യേക ജാഗ്രതയുള്ള പ്രദേശങ്ങളായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
