തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.കെഎസ്ആര്‍ടിസി ഓര്‍ഡിനറി ഇതര സര്‍വീസുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ജൂണ്‍ 15നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ സൗജന്യ യാത്ര ആരംഭിക്കുന്നത്. പദ്ധതിക്ക് പ്രിയദര്ശിനിയെന്ന് പേരുമിട്ടു. തിരഞ്ഞെടുപ്പുകാലത്തെ ഇന്ദിര ഗ്യാരണ്ടി നടപ്പിലായത് സര്‍ക്കാരിന് എനര്‍ജി ബൂസ്റ്ററായി. മറ്റൊരു സര്‍ക്കാരും നടപ്പിലാക്കാത്ത സ്ത്രീശക്തീകരണ മാതൃകയെന്ന് വാഴ്ത്തപ്പെട്ടു.
ഓര്‍ഡിനറി ബസ്സുകളുടെ സൂപ്പര്‍ ഹിറ്റ് കാലമാണ് കടന്ന് പോകുന്നത്. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കിയും, മറ്റ് ബസുകളില്‍ കയറാതെയും സ്ത്രീകള്‍ സൗജന്യ യാത്ര ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 19 വരെ 12.54 കോടിയുടെ സൗജന്യ യാത്ര നടന്നുവെന്ന് ഗതാഗതവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. പണം നല്‍കിയാണ് യാത്ര ചെയ്തിരുന്നെങ്കില്‍ 266.53 കോടി രൂപയുടെ വരുമാനം. പണം കൊടുക്കണമെങ്കിലും യാത്രക്കാരില്‍ പുരുഷന്മാരുടെ എണ്ണവും കുറഞ്ഞിട്ടില്ല. ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന പുരുഷന്മാരുടെ എണ്ണം 6.19 ലക്ഷമാണ്.
സൗജന്യ യാത്രയ്ക്ക് പുറമേ എ ഐ സഹായത്തോടെയുള്ള ടിക്കറ്റ് ബുക്കിംഗ്, കൂടുതല്‍ അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍, ഊബറുമായി സഹകരിച്ചുള്ള പദ്ധതി തുടങ്ങിയവയും ഈ കാലയളവില്‍ കെഎസ്ആര്‍ടിസി നടപ്പിലാക്കിയിട്ടുണ്ട് . ഇനി സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങളാണ്. നൂറു ദിവസത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിഗണിച്ച് രണ്ടാംഘട്ടമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. സിറ്റി ഫാസ്റ്റ് സൂപ്പര്ഫാസ്റ്റുകളിലേക്ക് കൂടി സൗജന്യമെത്തിയാല് പദ്ധതി കൂടുതല്‍ പേരിലേക്കെത്തും.
