വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾ: പവർകട്ട് ഉടൻ നിയന്ത്രണവിധേയമാക്കും ,ഒക്ടോബർ മുതൽ പുതിയ പ്ലാനെന്ന് മുഖ്യമന്ത്രി

news image
Sep 16, 2026, 7:52 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എട്ട് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പവർ കട്ട് കുറച്ചുകൊണ്ട് വരികയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായ കൺട്രോളിൽ എത്താനാകും. പുതിയ വൈദ്യുതി നയത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ അടുത്ത മൺസൂൺ വരെയുള്ള സമയത്തെ പ്രതിസന്ധി പരിഹരിക്കാൻ മറ്റൊരു പ്ലാൻ കൂടി ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദീർഘകാല പർച്ചേസ് കരാർ റദ്ദാക്കിയ നിലയിലാണെന്നും ദീർഘകാല കരാറുണ്ടാക്കാനുള്ള നീക്കത്തിലാണ് ഈ സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനായി വിവിധ സംസ്ഥാനങ്ങളോടും ന്യൂക്ലിയർ പവർ കോർപറേഷനോടും സംസാരിച്ചിരുന്നു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനം എടുത്തിരുന്നില്ല. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്ന കാര്യം ചർച്ച ചെയ്യാനായി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിക്ക് പോകുമെന്നും സർക്കാർ വ്യക്തമാക്കി.

മഴയുടെ ലഭ്യതക്കുറവ് മാത്രമല്ല വൈദ്യുതി ഉപഭോഗം കൂടുന്നതും വൈദ്യുതി സംഭരിക്കാൻ മാർഗങ്ങളില്ലാത്തതും ഉത്പ്പാദനത്തിലെ പരിമിതികളും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിനാണ് ദീർഘകാല പ്ലാൻ ഉണ്ടാകേണ്ടിയിരുന്നത്. ഇത് താൻ രാഷ്ട്രീയമായി പറയുന്നതല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധിയുണ്ട്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വൻ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നു. ഊർജമേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe