വടകര: വടകര, പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര റൂട്ടുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് തുടരുന്നു. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് പോലീസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് ജീവനക്കാരും ഉടമകളും പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
വടകര – പയ്യോളി – കൊയിലാണ്ടി, വടകര – പയ്യോളി – പേരാമ്പ്ര, വടകര – അറബിക് കോളേജ് – കൊളാവിപാലം തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നത്.
വടകരയിലെ പാർക്കിങ് ലിങ്ക് റോഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തെ ചൊല്ലിയുള്ള തർക്കമാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്. ബസുകൾ ഓടാത്തത് മൂലം വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും അടക്കമുള്ള യാത്രക്കാരാണ് മേഖലയിൽ വലയുന്നത്.
