ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല,ബസുകളുടെ അപകടപ്പാച്ചിലിന് തടയിടാൻ ഹൈക്കോടതി

news image
Sep 11, 2026, 9:13 am GMT+0000 payyolionline.in

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നഗരത്തിൽ ബസുകളടക്കം വലിയ വാഹനങ്ങൾ നടത്തുന്ന അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നിർദേശവും നൽകി. ഇക്കാര്യത്തിൽ പോലീസ് കഴിഞ്ഞവർഷം കോടതിയിൽ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സുരക്ഷിതമായ റോഡുകൾ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വലിയ വാഹനങ്ങളുടെ അപകടയോട്ടം കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ബസ് ജീവനക്കാർക്ക് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും പരാതിപ്പെടാനുള്ള വാട്സാപ്പ് നമ്പർ വാഹനങ്ങളിൽ പതിക്കുമെന്നുമടക്കം 2025-ൽ പോലീസ് ഉറപ്പ് നൽകിയതാണെന്ന് കോടതി പറഞ്ഞു. എന്നാൽ നടപടികൾ ഫലപ്രദമായില്ല.

മാന്യമായ ഡ്രൈവിങ് സംസ്കാരവും ഉണ്ടാകണമെന്ന് കോടതി പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ച് റോഡിൽ ഏറ്റവും മര്യാദയും ഉത്തരവാദിത്വവും പാലിക്കേണ്ടത് ഹെവി വാഹനങ്ങളാണ്. ബസുകൾക്ക് ഓവർടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ പേടിപ്പെടുത്താനും നഗരത്തിൽ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe