കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് പുലർച്ചെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന ‘സെനോ’ എന്ന ബസാണ് മോഷണം പോയത്. എന്നാൽ, വഴിമധ്യേ സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ പാർക്ക് ചെയ്തിരുന്ന ബസാണ് മോഷ്ടാക്കൾ കടത്തിയത്. തുടർന്ന് പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ താഴ്ന്നു. വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെ വന്നതോടെ മോഷ്ടാക്കൾ ബസ് അവിടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
രാവിലെ സുഹൃത്തുക്കൾ വിളിച്ചുപറഞ്ഞപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നതെന്ന് ബസുടമ വ്യക്തമാക്കി. സംഭവത്തിൽ പരാതി ഉയർന്നതോടെ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
