താമരശ്ശേരി ഫ്രഷ് കട്ട് തർക്കം: വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി, കേസുകൾ പിൻവലിക്കുന്നതിൽ ധാരണയായില്ല

news image
Aug 16, 2026, 6:31 am GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എം എൽ എമാരടക്കം പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ ഉടമകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയിലെത്താനായില്ല. കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് വ്യക്തമായ തീരുമാനമാകാത്തതിനാൽ വിഷയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് പ്രതികരണം. ഫ്രഷ് കട്ട് ശാശ്വത പരിഹാര പ്രപ്പോസൽ കമ്പനി കൊണ്ടുവന്നാൽ സർക്കാർ പരിഗണിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത് ജനകീയ പ്രശ്‌നം ആയതിനാലാണ് ആക്ഷൻ എടുത്തതെന്നും യോജിച്ച് പ്രശ്‌ന പരിഹാരം കാണുമെന്നും വ്യവസായ മന്ത്രി വിവരിച്ചു. ഫ്രഷ് കട്ട് വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കും. എം എൽ എമാർ അതിന് പരിശ്രമിക്കുന്നുണ്ട്. സർക്കാർ അതിന് പിന്തുണ നൽകുമെന്നും ജനങ്ങളുടെ പ്രശ്നത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഫ്രഷ് കട്ട് പ്രവർത്തിക്കുന്നതിന് തടസ്സമില്ല, സ്റ്റേ തുടരും
അതേസമയം ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതിന് നിലവിൽ തടസങ്ങളില്ല. ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ് ഉത്തരവിനുള്ള സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി നീട്ടിയിരുന്നു. ഈ മാസം 20 വരെയാണ് അടച്ചുപൂട്ടൽ ഉത്തരവിനുള്ള സ്റ്റേ കോടതി നീട്ടിയത്. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ട് സർക്കാർ ഹാജരാക്കിയിരുന്നു. സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ പരിശോധനയിൽ കാര്യമായ മലനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്. സ്ഥാപനം പ്രവർത്തിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശീതീകരിച്ച സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ അറവ് മാലിന്യം കൊണ്ടുപോകാൻ പാടുള്ളൂവെന്നതടടക്കമുള്ള ഉത്തരവ് കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe