വ്യാജ ലോഗോയും ഹാൾമാർക്കും നൽകി പണയം വെക്കാൻ ശ്രമം: താമരശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

news image
Aug 7, 2026, 2:47 pm GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരിയിൽ വ്യാജ സ്വർണം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കുന്ദമംഗലം സ്വദേശി നൗഷാദ്, പൂനൂർ തച്ചൻപൊയിൽ സ്വദേശി ഗിരിജ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 28ന് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സൂര്യ ഫൈനാൻസ് എന്ന സ്ഥാപനത്തിൽ ഗിരിജയാണ് സ്വർണവളകൾ പണയം വെയ്ക്കാൻ എത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ സ്വർണം പരിശോധിച്ച് അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാൽ ഈ സമയത്തിനകം ഗിരിജ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തുടരന്വേഷണത്തിൽ, പണയം വെയ്ക്കാൻ കൊണ്ടുവന്ന സ്വർണം ഗിരിജയ്ക്ക് നൗഷാദാണ് നൽകിയതെന്ന് വ്യക്തമായി. വളകളിൽ മലബാർ ഗോൾഡിന്റെ വ്യാജ ലോഗോയും ബി.ഐ.എസ് ഹാൾമാർക്ക് മുദ്രയും ഉപയോഗിച്ചതായും, കോഴിക്കോട് വിൽപ്പന നടത്തിയ യഥാർത്ഥ ആഭരണത്തിന്റെ അതേ സീരിയൽ നമ്പർ തന്നെയാണ് വ്യാജ വളകളിലും രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി. തുടർന്ന് താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe