പാണക്കാട് മണ്ണിടിച്ചിൽ ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം

news image
Aug 3, 2026, 11:43 am GMT+0000 payyolionline.in

പാണക്കാട്: മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞു. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. നിർമ്മാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു. വീണ്ടും തുടർച്ചയായി മണ്ണ് ഇടിയുന്നുണ്ടായിരുന്നു. 9.30 യോടെ വലിയ മൺകൂന പൂർണ്ണമായും താഴേക്ക് പതിച്ചു. മരങ്ങളും കല്ലുകളും ഒലിച്ചിറങ്ങി.

മാധ്യമപ്രവ‍ർത്തകരെല്ലാം നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റു. മണ്ണ് ഇടിഞ്ഞുതുടങ്ങിയത് മുതൽ തന്നെ ഗതാഗത നിരോധിച്ചതും, പൊലീസ് ഇടപെട്ട് ജനങ്ങളെ രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയതും വലിയ അപകടം ഒഴിവാക്കി. ആളുകൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞതും ആശ്വാസമായി.

മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ നടത്തിയ നിർമാണം തീർത്തും അനധികൃതമാണെന്നും മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി. ജിയോളജി വകുപ്പ് നൽകിയ പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന്, അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് ഉടൻ റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe