തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഡൽഹിയിൽ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാർ, ഡൽഹി സമരത്തിന് പിന്തുണ നൽകിക്കൊണ്ട് ഒത്തുചേർന്നവർക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യപരമല്ല. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവർക്ക് എതിരെ പോലും കള്ളക്കേസുകൾ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പർ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ പോലും വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തിൽ എടുത്ത കേസുകൾ തുടരുന്നത് ഉചിതമല്ല. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
