ഇനി ‘പ്രിയദർശിനി’യെ തൊട്ടു കളിച്ചാൽ പണി കിട്ടും; സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോർപ്പറേഷൻ

news image
Jul 24, 2026, 12:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കെഎസ്ആർടിസി അറിയിച്ചു. ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെ എസ് ആർ ടി സി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു.

വിവരം ഉടൻ വൈക്കം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ എസ് ആർ ടി സി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി ഡി പി പി ആക്ട് ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ പ്രകാരം വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 24ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം -പത്തനംതിട്ട സർവീസിനിടെ ഭരണിക്കാവിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവും കൂടാതെ കെ എസ് ആർ ടി സി ഡ്രൈവറായ എസ് രാജീവിനെ മർദ്ദിച്ചു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. കെ എസ് ആർ ടി സി ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കെ എസ് ആർ ടി സി കാണുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് വകുപ്പുമായി ഏകോപിതമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.

പൊതുഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള എല്ലാ നിയമങ്ങളും കർശനമായി പ്രയോഗിക്കുമെന്നും ഇത്തരം നടപടികൾ ആവർത്തിക്കുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe