കൊയിലാണ്ടി: മാലിന്യ ശേഖരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ കെട്ടിവെച്ച നിലയിൽ പെരുമ്പാമ്പ്. നഗരസഭയുടെ കീഴിലുള്ള എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കേന്ദ്രത്തിൽ മാലിന്യം തരംതിരിക്കുകയായിരുന്ന ഹരിതകർമസേന ജീവനക്കാർ പെരുമ്പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുത്താമ്പിയിലെ എം.സി.എഫ് കേന്ദ്രത്തിലാണ് സംഭവം നടന്നത്.
സെന്ററിൽ സൂക്ഷിച്ചിരുന്ന പാഴ്വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും ജീവനക്കാർ തരംതിരിക്കുന്നതിനിടെയാണ് സംഭവം. ഒരു വലിയ പ്ലാസ്റ്റിക് ചാക്കിലേക്ക് കൂടുതൽ മാലിന്യങ്ങൾ നിറയ്ക്കാൻ ശ്രമിക്കുമ്പോൾ, ചാക്കിനുള്ളിലെ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ ജീവനക്കാർ നിമിഷനേരം കൊണ്ട് മാറിനിന്നതിനാലാണ് കടിയേൽക്കാതെ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മാലിന്യങ്ങൾക്കിടയിൽ സാധാരണ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തിൽ ബോധപൂർവ്വം ചാക്കിൽ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമായാണെന്ന് ഹരിതകർമസേനാംഗങ്ങൾ പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ദാരുണമായ പ്രവൃത്തികൾ ആരും ചെയ്യരുതെന്നും അവർ അഭ്യർത്ഥിച്ചു.
