പിഎസ്‌സി ക്രമക്കേട്: എസ്‌ഐടി മേധാവിക്ക് പരാതി പ്രവാഹം, ഇതുവരെ ലഭിച്ചത് 35ലേറെ പരാതികൾ

news image
Jul 21, 2026, 4:50 am GMT+0000 payyolionline.in

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് എസ്‌ഐടി മേധാവിക്ക് പരാതി പ്രവാഹം. 35 ലേറെ പരാതികളാണ് എസ്‌ഐടിക്ക് ഇതുവരെ ലഭിച്ചത്. മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നാണ് പ്രധാന പരാതി. പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളിൽ അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനം. ശനിയാഴ്ച്ച പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറും.

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷാ ക്രമക്കേടും അന്വേഷിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉദ്യോഗാർത്ഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും. പരീക്ഷയ്ക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നാണ് പ്രധാന പരാതി. ചോദ്യപേപ്പർ തയ്യാറാക്കിയതിലും ക്രമക്കേട് ആരോപണം ഉയർന്നിരുന്നു. പരീക്ഷാ ക്രമകേടുകൾ ഏറെയും 2020-25 കാലഘട്ടത്തിലുള്ളവയാണെന്ന് എസ്‌ഐടി കണ്ടെത്തലുണ്ട്.

ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച്ച പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറാനാണ് തീരുമാനം. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടറുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും എസ്ഐടി സംഘം പരിശോധിച്ചു. എസ്ഐടി സംഘത്തെ സഹായിക്കാൻ ഐടി വിദഗ്ധരുമുണ്ടായിരുന്നു. ഇതിനകം നാല് തവണയാണ് എസ്ഐടി സംഘം പിഎസ്സി ആസ്ഥാനത്ത് പരിശോധന നടത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe