കോഴിക്കോട്ടെ ഒരു കോടിയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കാസർകോട് സ്വദേശി അബ്ദുൽ റംഷീദ് കസ്റ്റഡിയിൽ

news image
Jul 2, 2026, 10:22 am GMT+0000 payyolionline.in

കോഴിക്കോട്‌:രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെ വിശദമായ ചോദ്യം ചെയ്യലിനായാണ് കോഴിക്കോട്‌ സിറ്റി സൈബർ ക്രൈം പൊലീസ്‌ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്.

വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ട്‌ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ് സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച്‌ ഓൺലൈൻ ഓഹരി വിപണിയിലും നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലും നിക്ഷേപിച്ച് ഉയർന്ന ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിച്ചെന്നാണ് കേസ്. ഓൺലൈൻ വഴി നടത്തിയ സാമ്പത്തിക ഇടപാടുകൾ ശാസ്ത്രീയമായി വിലയിരുത്തിയാണ് പ്രതിയുടെ പങ്കാളിത്തം പൊലീസ് തിരിച്ചറിഞ്ഞത്. വിദേശത്തായ ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു.

ജൂൺ 14 ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനിടെ നടത്തിയ ശരീര പരിശോധനയിൽ ഇയാളുടെ കൈവശം സ്വർണം കണ്ടെത്തിയതും മറ്റൊരു വഴിത്തിരിവായി. മിശ്രിത രൂപത്തിലുള്ള സ്വർണം നാലു ഗുളികയാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനുള്ള ഇയാളുടെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. 1.87 കോടി രൂപയുടെ സ്വർണമാണ് ഇത്തരത്തിൽ കസ്റ്റംസ് പിടികൂടിയത്. ഇതോടെ ആ കേസിൽ കസ്റ്റംസും ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്‌ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കോടതി വഴി ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്‌ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്‌. തട്ടിപ്പിലൂടെ സമാഹരിച്ച പണം വിവിധ ബാങ്ക്‌ അക്കൗണ്ടുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേസിൽ ഉൾപ്പെട്ട മറ്റ്‌ വ്യക്തികളുടെ പങ്കാളിത്തം, പണം കൈമാറ്റം ചെയ്ത ശൃംഖല, ഡിജിറ്റൽ ശൃംഖലകൾ, മറ്റ്‌ ബാങ്ക്‌ അക്കൗണ്ടുകളുടെ ഉപയോഗം എന്നിവ സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നത്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പ്‌ ശൃംഖലയുമായുള്ള പ്രതിയുടെ ബന്ധം, രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ശൃംഖലകൾ ഓൺലൈൻ തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം സ്വർണക്കടത്ത്‌ ഉൾപ്പെടെയുള്ള അനധികൃത പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ കറൻസി ട്രേഡിങ്ങിനും എങ്ങനെ വിനിയോഗിക്കുന്നു, മറ്റ്‌ സാമ്പത്തിക കുറ്റകൃത്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിച്ചു വരികയാണ്.

പ്രതിയിൽ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വൃക്തികളെയും സാമ്പത്തിക ഇടപാടുകളെയും കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെയും ഡപ്യൂട്ടി പൊലീസ്‌ കമ്മിഷണർ പദം സിങ്ങിന്റെയും സൈബർ ക്രൈം പൊലീസ്‌ സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ എസ്.എം.പ്രദീപ്‌ കുമാറിന്റെയും മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ്‌ സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി.ശ്രീദാസനാണ് അന്വേഷണ ചുമതല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe