സെൻസസ് 2027: കോഴിക്കോട് ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത് 74,301 പേർ; ഒന്നാംഘട്ട വിവരശേഖരണം ആരംഭിച്ചു

news image
Jul 2, 2026, 5:59 am GMT+0000 payyolionline.in

കോഴിക്കോട്: സെൻസസ് 2027-ന്റെ ഭാഗമായി വ്യക്തികൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനം കോഴിക്കോട് ജില്ലയിൽ 74,301 പേർ (92.31 ശതമാനം) വിജയകരമായി പൂർത്തിയാക്കി. ജൂൺ 16-ന് ആരംഭിച്ച ഈ പ്രക്രിയയ്ക്ക് ജൂൺ 30 അർധരാത്രി വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. സെൻസസ് നടപടികൾ വേഗത്തിലാക്കാനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാനുമായി ഒരുക്കിയ ഈ ഡിജിറ്റൽ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.

​ഇതോടെ ജൂലൈ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായിട്ടുണ്ട്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുമായി ബന്ധപ്പെട്ട വിവരശേഖരണവുമാണ് ഈ ഘട്ടത്തിൽ നടക്കുക. സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള ആവശ്യമായ സാമഗ്രികൾ കഴിഞ്ഞദിവസം ജില്ലയിലെ 14 ചാർജ് ഓഫീസുകളിലേക്കും കൈമാറി. ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2027 ഫെബ്രുവരിയിലാണ് നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe