ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം: കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

news image
Jun 30, 2026, 2:35 am GMT+0000 payyolionline.in

തിരുവനന്തപുരം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ. ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി വാങ്ങാം. റെഗുലേറ്ററി കമ്മീഷൻ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവിൽ കെഎസ്ഇബിയെ വിമർശിക്കുന്നുണ്ട്. സോളാർ വൈദ്യുതി ശേഖരിക്കാനുളള BESS പദ്ധതി വൈകുന്നുവെന്ന് കമ്മീഷൻ വിമർശിച്ചു. പദ്ധതി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുളള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും റെഗുലേറ്ററി കമ്മീഷൻ പറയുന്നു.

‘അത്യാവശ്യ വിവരങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതിൽ കെഎസ്ഇബി വീഴ്ച വരുത്തുന്നു. കെഎസ്ഇബി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ല’: കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ വ്യാപക വിമർശനമുണ്ടെന്നും ഒരു മണിക്കൂർ മുൻപെങ്കിലും ഉപയോക്താക്കളെ ലോഡ് ഷെഡിംഗ് വിവരം അറിയിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജൂലൈ മുതൽ ഡിസംബർ വരെയുളള കാലയളവിൽ 600 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ ഉയർന്ന നിരക്ക് നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe