തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങളിലെ വരുമാനമില്ലാത്ത സ്ത്രീകൾക്കായി മുൻ സർക്കാർ നടപ്പാക്കിയ പ്രതിമാസ ധനസഹായം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയത്തിൽ ബജറ്റ് ചർച്ചയിൽ മറുപടി നൽകിയതാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ല, മറിച്ച് പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.
‘വിഷയം ബജറ്റ് ചർച്ചയിൽ പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചിരുന്നു. ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി ഇതിന്റെ വിശദാംശങ്ങൾ പറഞ്ഞിരുന്നു. 2026 ഫ്രെബുവരി 11 നാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട വിതരണവും നടത്തിയത്. മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണിത്. ഫെബ്രുവരിയിലെയും മാർച്ചിലേയും ധനസഹായം മാർച്ച് 16നാണ് അനുവദിക്കുന്നത്. അന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിലവിൽ വന്നത്. ഒരു തയ്യാറെടുപ്പും കൂടാതെയാണ് പരിശോധന നടത്തിയത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയതിൽ ഫീൽഡ്ലെവൽ പരിശോധന നടത്തിയില്ലെന്ന ആക്ഷേപം ഉണ്ട്. പരാതികൾ ഉൾപ്പെടെ പരിശോധിക്കാതെ പദ്ധതി തുടരുമോ ഇല്ലയോ എന്ന് പറയാനാകില്ല. തുടരണമെന്നുണ്ടെങ്കിൽ 1770 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല’, എന്നാണ് വി ഡി സതീശൻ സഭയെ അറിയിച്ചത്.
എ സി മൊയിദീൻ, കെ രാജൻ, പി കെ പ്രവീൺ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്ന കാര്യം പരിശോധിക്കണമെന്നും അതിവേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ടവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുകയാണെന്നും എ സി മൊയ്തീൻ പറഞ്ഞു. ‘വീട്ടമ്മമാർക്ക് ഗാർഹികജോലിയുടെ മൂല്യം കണക്കിലെടുത്ത് സാമൂഹിക സുരക്ഷ നൽകുന്ന പദ്ധതി ഒരുസംസ്ഥാനത്തുമില്ല. 2025 ഒക്ടോബറിലാണ് സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ നടപടിക്രമം തുടങ്ങിയത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഫെബ്രുവരി മാസത്തിൽ അല്ല. മാനദണ്ഡങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ചിരുന്ന് പഞ്ചായത്തിൽ നിന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതാണ്. അതിൽ സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നും എ സി മൊയിതീൻ പറഞ്ഞു. സർക്കാർ പദ്ധതിയെ തകർക്കാൻ നിൽക്കുകയാണ്. മുഖ്യമന്ത്രി കാണിക്കുന്ന ഇരട്ടത്താപ്പ് നയം ശരിയല്ല. പദ്ധതി നിർത്തിവെച്ചിട്ടാണോ പരിശോധന നടത്തുകയെന്നും എ സി മൊയ്തീൻ ചോദിച്ചു.
പദ്ധതിയുടെ അപേക്ഷകളിൽ സുതാര്യത ഉറപ്പുവരുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി പറയുന്നില്ല. ആശങ്കകൾ ദൂരീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പിണറായി വിജയൻ പറഞ്ഞു.
