വിദ്യാർത്ഥി സ്‌കൂളിൽ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ; വിൽപ്പന ഉച്ചഭക്ഷണ സമയത്ത്‌

news image
Jun 26, 2026, 4:36 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൂടുതൽ കണ്ടെത്തലിലേക്ക്. പത്താം ക്ലാസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. വിദ്യാർത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയെന്നാണ് വെളിപ്പെടുത്തൽ.

സഹപാഠികൾക്ക് നൽകാനാണ് സ്‌കൂളിൽ മദ്യം എത്തിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമുണ്ടായെന്നും വെളിപ്പെടുത്തലുണ്ട്. മദ്യം കഴിക്കാത്ത വിദ്യാർത്ഥികളാണ് സംഭവം വെളിപ്പെടുത്തിയതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. സംഭവത്തിൽ അബ്കാരി ആക്ട് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കേസിൽ മുഖ്യപ്രതിയായ രണ്ടാനച്ഛനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് ചാരായം കുപ്പിലാക്കി കുട്ടിയുടെ ബാഗിൽ കൊടുത്ത് വിടുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അര ലിറ്റർ കുപ്പികളിലാക്കി കുട്ടിയെ ഏൽപ്പിക്കുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നിലവിൽ രണ്ടാനച്ഛൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷം ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യാജ മദ്യം ഉണ്ടാക്കാൻ കുട്ടികളെ രണ്ടാനച്ഛൻ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇന്നലെ അധ്യാപകരുടെ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി (28 ലിറ്റർ) വാറ്റ് ചാരായം പിടികൂടുകയും ചെയ്തു. വാറ്റുചാരായം നിർമ്മിച്ചത് കുട്ടിയുടെ രണ്ടാനച്ചനാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വിദ്യാർത്ഥി മദ്യം എത്തിക്കുന്നത് 500 എംഎൽ ബോട്ടുകളിലാണ്. പണം വാങ്ങിയാണ് വിദ്യാർത്ഥി മദ്യം മറ്റ് കുട്ടികൾക്ക് നൽകുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe