കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മുചുകുന്നിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയിൽ ജീവിതശൈലീ രോഗങ്ങൾക്കും ഓർത്തോ-ന്യൂറോ രോഗങ്ങൾക്കുമായുള്ള പ്രത്യേക ഒ.പി. (Special OP) പ്രവർത്തനമാരംഭിച്ചു. സ്പെഷ്യൽ ഒ.പിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് കുന്നുമ്മൽ, വാർഡ് മെമ്പർ പപ്പൻ മൂടാടി, എം.പി. അജിത, പ്രകാശൻ എൻ.എം, ഡോ. സൂരജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ലീല കെ.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ശിവപ്രസാദ നന്ദി പ്രകാശപ്പിച്ചു.

