കരമനയാറ്റിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായി; തിരച്ചിൽ തുടരുന്നു

news image
May 28, 2026, 11:26 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റിലെ കാവടിക്കടവിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനായ സുജിത്തിനെയാണ് (കോഴിക്കോട് സ്വദേശി) ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇയാൾക്കായി ഫയർഫോഴ്‌സിന്റെ സ്കൂബ ടീമും പോലീസും ചേർന്ന് കരമനയാറ്റിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചു.

സുജിത് ഉൾപ്പെടെ നാല് പേരടങ്ങുന്ന സംഘമാണ് കാവടിക്കടവിൽ കുളിക്കാനായി ഇറങ്ങിയത്. കുളി കഴിഞ്ഞ് മറ്റ് സുഹൃത്തുക്കൾ നീന്തിക്കയറിയെങ്കിലും, ശക്തമായ അടിയൊഴുക്കിൽപ്പെട്ട സുജിത്തിന് തിരികെ നീന്തിക്കയറാൻ സാധിച്ചില്ല. തുടർന്ന് ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് സുജിത് മുങ്ങിത്താഴുകയായിരുന്നു.

പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെത്തുടർന്ന് കരമനയാറ്റിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം ശക്തമായ അടിയൊഴുക്കുള്ളതും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുൻപും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുള്ള അപകടമേഖലയാണിത്. നിലവിൽ സ്കൂബ ഡൈവർമാരുടെ നേതൃത്വത്തിൽ ആറ്റിൽ തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe