പൂർണ സമവായത്തിൽ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശൻ ചർച്ച. എന്നാൽ, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചർച്ചയിൽ വി ഡി സതീശൻ ഉറപ്പ് നൽകി. അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവർത്തിച്ചു. ഇക്കാര്യത്തിൽ ലീഗുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വി ഡി സതീശൻ നൽകിയ ഉറപ്പ്. ലീഗ് വഴങ്ങി ഇല്ലെങ്കിൽ ഐ സി ബാലകൃഷ്ണൻ,ടി ജെ വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രി ആക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിന് യുഡിഎഫിലെ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമായി. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുമെന്നാണ് സൂചന. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിച്ചേക്കും. എന്നാൽ രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ് വിഭാഗം.
അതേസമയം കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും. ഹൈക്കമൻഡ് അംഗീകാരത്തോടെ ഇന്ന് മന്ത്രിപ്പട്ടിക ഗവർണർക്ക് കൈമാറും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പിസി വിഷ്ണുനാഥും കണ്ടോൺമെന്റ് ഹൗസിലെത്തി. കോൺഗ്രസ് മന്ത്രി ലിസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും കെസി വേണുഗോപാലുമായി ചർച്ച നടത്തി ഹൈക്കമാൻഡിന് കൈമാറും.
