തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. പ്രത്യേക ദൂതൻ മുഖേന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നേരത്തെ തന്നെ രാജിക്കത്ത് കൈമാറിയിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഔദ്യോഗിക വാഹനങ്ങളോ സുരക്ഷാ അകമ്പടിയോ ഉണ്ടായിരുന്നില്ല. എകെജി സെന്ററിൽ നിന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് അദ്ദേഹത്തെ കൂട്ടാനായി എത്തിയത്. പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് പുറപ്പെട്ടത്.
വി. ശിവൻകുട്ടി, വി. റോയ്, എ.എ. റഹീം തുടങ്ങിയ നേതാക്കൾ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാൻ പിണറായി വിജയൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. നാളെ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക തിരക്കുകൾക്ക് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങുമെന്നാണ് സൂചന.
