നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരിനാഥൻ. നാടിന് നല്ലതുണ്ടാകട്ടെ എന്നും നേമത്ത് ശുഭപ്രതീക്ഷയുണ്ടെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു. നാടിന്റെ പുതിയ ഒരു ഭാവിയ്ക്കായി യുഡിഎഫ് ഭരണത്തിൽ വരും. പഴവങ്ങാടി ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. പുതുതായി വരുന്ന യുഡിഎഫ് സർക്കാരിൽ നേമത്ത് നിന്ന് കോൺഗ്രസ് എംഎൽഎ ഉണ്ടാകുമെന്ന് കെഎസ് ശബരിനാഥൻ പറഞ്ഞു. നല്ല ശുഭാപ്തി വിശ്വാസത്തിലാണ് ഉള്ളതെന്നും അദേഹം പറഞ്ഞു.
മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.
കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
