നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ കോഴിക്കോട് ജില്ലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ജില്ലയിൽ പടക്ക വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്കൂളാണ് പ്രധാന വോട്ടെണ്ണൽ കേന്ദ്രം. ഇവിടെ രാവിലെ നാലു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ പൂർണ്ണ ഗതാഗത നിയന്ത്രണമുണ്ടാകും. കുന്നമംഗലം ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ കാരന്തൂരിൽ നിന്നും ചെറിയ വാഹനങ്ങൾ മൂഴിക്കലിൽ നിന്നും തിരിഞ്ഞു പോകണം. സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൂളക്കടവ് ജംഗ്ഷനിൽ നിന്നും തിരിച്ചുവിടും. പൂളക്കടവ് മുതൽ ലോ കോളേജ് വരെയുള്ള ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ആഘോഷപ്രകടനങ്ങൾ രാത്രി ഏഴ് മണിക്ക് മുൻപായി അവസാനിപ്പിക്കണം. പ്രകടനങ്ങളിൽ ഡി.ജെ ഒഴിവാക്കണമെന്നും പരാജയപ്പെട്ട സ്ഥാനാർത്ഥികളുടെ വീടുകൾക്കോ ഓഫീസുകൾക്കോ മുന്നിൽ പ്രകോപനപരമായ പ്രകടനങ്ങൾ പാടില്ലെന്നും പോലീസ് നിർദേശിച്ചു. നമ്പർ പ്ലേറ്റ് മറച്ചുള്ള യാത്ര, ട്രിപ്പിൾ റൈഡിംഗ്, അമിതവേഗത തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ടെലി കമ്മ്യൂണിക്കേഷൻ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ജില്ലയിലെ റോഡ് കട്ടിങ്, പൈപ്പ് ലൈൻ പ്രവൃത്തികൾ എന്നിവ വോട്ടെണ്ണൽ കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്. 13 മണ്ഡലങ്ങളിലായി മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് സ്കൂൾ, വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പരാതികൾ ബോധിപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒബ്സർവർമാർ എത്തിയിട്ടുണ്ടെന്നും വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസാണ് ഇവരുടെ ക്യാമ്പ് ഓഫീസെന്നും അധികൃതർ അറിയിച്ചു.
