തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻറെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങി.
തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തർക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെതുടർന്നാണ് തർക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവർത്തകരാണ് റോഡിൽ പ്രതിഷേധിച്ചത്.
കൊല്ലം കുണ്ടറ മുളവനയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തൊടുപുഴയിൽ ഹർത്താൽ അനുകൂലുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. കാരാളിമുക്കിൽ പരീക്ഷയുടെ വാല്യുവേഷന് പോയ അധ്യാപക സംഘത്തിന്റെ വാഹനവും ഹർത്താൽ അനുകൂലികൾ തടഞ്ഞു. അധ്യാപകരെ അസഭ്യം പറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിൽ ഹർത്താൽ സാരമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. അടൂരിൽ വീണ്ടും തർക്കം. സമരക്കാർ കെഎസ്ആർ ടിസി ബസുകൾ തടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചു. വടക്കൻ പറവൂരിലും പ്രതിഷേധം ശക്തം. സമര അനുകൂലികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
