നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം; സംസ്ഥാന ഹർത്താൽ ആരംഭിച്ചു, വിവിധ ഇടങ്ങളിൽ ബസുകൾ തടഞ്ഞു

news image
Apr 28, 2026, 3:16 am GMT+0000 payyolionline.in

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നിതിൻ രാജ് ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്.
തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാർ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ പുറത്തേക്ക് ഇറക്കാൻ ഹർത്താൽ അനുകൂലികൾ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങൾ തടയുകയാണ്. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കൻ പറവൂരിലെ കച്ചേരിപടിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു.
അതേസമയം ക്രമസമാധാനം നിലനിർത്താൻ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു.

നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.

നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe