മലപ്പുറം: രോഗിയായ യാത്രക്കാരനെ സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആർടിസിക്ക് പിഴ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിൽ 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ പിഴയിട്ടത്.
കെഎസ്ആർടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. തൃശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് പോകാനാണ് മുഹമ്മദ് സൈനുദ്ദീൻ ബസ്സിൽ കയറിയത്. ഇരിക്കാൻ സീറ്റൊഴിവുണ്ടായിരുന്നില്ല. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് കണ്ടക്ടറെ അറിയിച്ചു. തൃശൂരിൽ നിന്ന് സീറ്റു കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.തൃശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു.
എന്നാൽ ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി താൻ റിസർവ് ചെയ്ത സീറ്റാണെന്നും ഒഴിയണമെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു. അതിനിടെ മറ്റ് സീറ്റുകളിൽ യാത്രക്കാർ ഇരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സൈനുദ്ദീന് അത്രയും ദൂരം നിന്ന് യാത്രചെയ്യേണ്ടിവന്നു. മാത്രമല്ല സർവീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ പോയതിനാൽ കക്കാട് സ്റ്റോപ്പിൽ ഇദ്ദേഹത്തിന് ഇറങ്ങാനായില്ല.പകരം കൂരിയാട്ടാണ് ഇറങ്ങിയത്. ഇതേത്തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ യാത്രക്കാരൻ പരാതി നൽകിയത്. തുടർന്നായിരുന്നു കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നുമാണ് വിധിയിൽ പറയുന്നത്.
