മൂടാടി: തിക്കോടി പഞ്ചായത്ത് കവലയിലെ അടിപ്പാതയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നു. ദേശീയപാതയിലെ സർവീസ് റോഡുകളിൽ അനുഭവപ്പെടുന്ന വാഹനത്തിരക്ക് മൂലം യാത്രക്കാർ മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങുന്നത്. ആനക്കുളം-തിക്കോടി ബീച്ച് റോഡിൽ നിന്നുള്ള വാഹനങ്ങൾ കൂടി എത്തുന്നതോടെ അടിപ്പാതയിലെ തിരക്ക് നിയന്ത്രണാതീതമായി മാറുകയാണ്.
ക്രമീകരണങ്ങൾ പാലിക്കാതെ വാഹനങ്ങൾ മുന്നോട്ട് കയറ്റുന്നത് കുരുക്ക് വർധിപ്പിക്കാൻ കാരണമാകുന്നു. അടിയന്തര ഘട്ടങ്ങളിൽ എത്തുന്ന ആംബുലൻസുകൾ പോലും കടന്നുപോകാൻ കഴിയാത്ത വിധം സർവീസ് റോഡുകൾ വാഹനങ്ങളാൽ നിറയുകയാണ്. സ്ഥിതി ഇത്രയും വഷളായിട്ടും ഗതാഗതം നിയന്ത്രിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെപ്പോലും ഇവിടെ നിയമിച്ചിട്ടില്ലെന്ന പരാതി ശക്തമാണ്.
ദേശീയപാതയിൽ നന്തി മേൽപ്പാലം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നടക്കുന്ന റീ ടാറിങ് പ്രവൃത്തികൾ കുരുക്കിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. റോഡ് പണിയെക്കുറിച്ച് മുൻകൂട്ടി അറിവ് ലഭിക്കാത്തതിനാൽ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ വഴിയിൽ പെട്ടുപോകുന്ന അവസ്ഥയാണ്. കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയാണ് പലരും ലക്ഷ്യസ്ഥാനത്തെത്തുന്നത്. കൊടുംവേനലിലെ ഈ ഗതാഗത തടസ്സം യാത്രക്കാരെ വലിയ രീതിയിൽ ദുരിതത്തിലാക്കുന്നു.
