കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരിവേട്ട ; മൂന്ന് കോടി രൂപയുടെ എം.ഡി.എം.എയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യുവാവും പിടിയിൽ; ലഹരി കടത്തിയത് കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച്

news image
Apr 23, 2026, 2:53 pm GMT+0000 payyolionline.in

കോഴിക്കോട്: പന്തീരാങ്കാവിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം മൂന്ന് കോടി രൂപ വിപണി വിലമതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീഖ്, അടിവാരം സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്രീൻ (20) എന്നിവരാണ് അറസ്റ്റിലായത്.

 

മൂന്ന് കിലോ മുന്നൂറ് ഗ്രാമോളം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും 56 ഗ്രാം ലഹരി ഗുളികകളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. രാജസ്ഥാനിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലാപുരം മുതൽ എക്സൈസ് സംഘം ഈ വാഹനത്തെ നിരീക്ഷിച്ചുവരികയായിരുന്നു. പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപമെത്തിയപ്പോൾ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഷഫീഖ് രാജസ്ഥാനിൽ നിന്ന് കാറോടിച്ചാണ് ലഹരി എത്തിച്ചത്. മംഗലാപുരത്ത് വെച്ചാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറിയത്. ലഹരി കടത്തിനെക്കുറിച്ച് പെൺകുട്ടിക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്ലസ് ടു പഠനം കഴിഞ്ഞ ഫാത്തിമ നസ്രീൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രതികളെയും ഇവർ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe