തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെടുക്കുന്നത്. പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കിയിരുന്ന കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിച്ചു. അവശേഷിക്കുന്ന തീ അണയ്ക്കുന്നതിനായി എറണാകുളത്ത് നിന്ന് റോബോട്ടുകളെ എത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും സ്ഫോടനത്തിന്റെ കാരണമെന്താണെന്നും പോലീസ് വിശദമായി അന്വേഷിക്കും.
കൺട്രോൾ റൂം തുറന്നു; മന്ത്രിമാർ സ്ഥലത്തേക്ക്
അപകടത്തിന് പിന്നാലെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ് എന്നിവർ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. പരിക്കേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുണ്ടത്തിക്കോട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ വല്ലാത്ത ദുഃഖമുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
