നന്തി ബസാർ: തീരദേശത്തിന്റെ അക്ഷരവെളിച്ചമായ വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് വിദ്യാലയത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ മുന്നോടിയായി വിപുലമായ വിളമ്പര ജാഥ സംഘടിപ്പിച്ചു.
തീരദേശ മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ശറഫുൽ ഇസ്ലാം കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന പൊതുവിദ്യാലയമാണ്. മികച്ച കെട്ടിട സൗകര്യങ്ങളും കായിക മേഖലയിലെ മികവും വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ശതാബ്ദി ആഘോഷങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ പി. ഹാഷിം മാസ്റ്റർക്കുള്ള യാത്രയയപ്പ് ചടങ്ങും നടക്കും.
ആഘോഷ പരിപാടികളിൽ ഡെപ്യൂട്ടി കളക്ടർ സുബൈർ കെ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഖില എം.പി, ഒ.കെ. ഫൈസൽ, പ്രശസ്ത സാഹിത്യകാരനും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. സോമൻ കടലൂർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് എന്നിവരും പങ്കെടുക്കും. നൂറിന്റെ വസന്തം ആഘോഷമാക്കാൻ നാടും വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു.
