മലപ്പുറം: ഫുട്ബാൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ ആളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാനാണ് വീണത്. ഗ്രൗണ്ടിൽനിന്ന് പുറത്തേക്കുപോയ പന്ത് എടുക്കാനായി ഓടുന്നതിനിടെ നിർമാണത്തിലിരിക്കുന്ന നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പ്രദേശവാസിയായ ആൾ ഇറങ്ങിയെങ്കിലും സാധിച്ചില്ല. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ അപകടത്തിൽപെട്ട കുട്ടിയെയും രക്ഷിക്കാനിറങ്ങിയ ആളെയും പുറത്തെത്തിച്ചു. വല ഉപയോഗിച്ച് ആദ്യം കുട്ടിയെയും തുടർന്ന് രക്ഷിക്കാനിറങ്ങിയ ആളെയും കരക്കുകയറ്റി. കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
