കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതനായ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സമരം ശക്തമാകുന്നു. മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും മാനേജ്മെന്റ് പ്രതിനിധികൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കുറ്റാരോപിതനായ ഡോ. എം.കെ. റാമിനെ സർവീസിൽ നിന്ന് പൂർണ്ണമായും പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്കരിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
തീരുമാനമെടുക്കാൻ അധികാരമില്ലാത്ത പ്രതിനിധികളെയാണ് ചർച്ചയ്ക്ക് അയക്കുന്നതെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. കോളേജ് എം.ഡി ഡോ. അദ്നാനുമായോ ഉത്തരവാദിത്തപ്പെട്ട മറ്റ് മാനേജ്മെന്റ് പ്രതിനിധികളുമായോ ഇന്ന് തന്നെ ചർച്ച വേണമെന്നാണ് ഇവരുടെ ആവശ്യം. ഡോ. എം.കെ. റാമിനെതിരെ ഒരു വർഷം മുമ്പ് തന്നെ പരാതി നൽകിയിരുന്നതായും മറ്റ് അധ്യാപകർക്കെതിരെയും സമാനമായ പരാതികൾ നിലവിലുണ്ടെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ഹൗസ് സർജൻസി അടക്കമുള്ള എല്ലാ വിഭാഗങ്ങളും ബഹിഷ്കരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. നിതിൻ ജാതി അധിക്ഷേപത്തിന് ഇരയായതായി കുടുംബം ആരോപിച്ചിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവത്തെത്തുടർന്ന് ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ സംഗീത എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ കേസെടുത്തെങ്കിലും ഇരുവരും നിലവിൽ ഒളിവിലാണ്. പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, മരണത്തിൽ ലോൺ ആപ്പുകൾക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
