ആവേശം കൊടുമുടിയിൽ; കേരളം ഇന്ന് കൊട്ടിക്കലാശത്തിലേക്ക്, നാളെ നിശബ്ദ പ്രചാരണം

news image
Apr 7, 2026, 3:58 am GMT+0000 payyolionline.in

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന തീപാറുന്ന പ്രചാരണത്തിനൊടുവിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. വൈകുന്നേരം നടക്കുന്ന ആവേശകരമായ കൊട്ടിക്കലാശത്തോടെ പ്രചാരണ കോലാഹലങ്ങൾക്ക് തിരശ്ശീല വീഴും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ (ഏപ്രിൽ 9) കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.

ദേശീയ നേതാക്കളുടെ പടയോട്ടം ദൃശ്യമായ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും വോട്ടാകുമെന്നും തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ, ഭരണവിരുദ്ധ വികാരവും ശബരിമല ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും തങ്ങളെ അധികാരത്തിലേറ്റുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഇത്തവണ ‘കറുത്ത കുതിരകളാകാൻ’ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.

വടക്കൻ കേരളത്തിൽ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു അവസാനഘട്ട പ്രചാരണം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട് വിനിയോഗം, പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ് തുടങ്ങിയവ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വലിയ മുന്നേറ്റം യുഡിഎഫ് ലക്ഷ്യമിടുമ്പോൾ, വടക്കൻ കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട തന്ത്രപ്പാടിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe