പയ്യോളി: മേലടി എസ്.എൻ.ബി.എം. ഗവ. യു.പി. സ്കൂളിന്റെ 65-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.സി. പ്രമോദ് മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പി.ടി.എ. പ്രസിഡന്റ് സി. പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.
വിരമിക്കുന്ന പ്രധാനാധ്യാപകൻ പ്രമോദ് മാസ്റ്റർക്കുള്ള പി.ടി.എ.യുടെ ഉപഹാരസമർപ്പണം മേലടി എ.ഇ.ഒ. പി. ഹസീസ് നിർവ്വഹിച്ചു. 1982-85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഹൃദയോരം’ ഭാരവാഹികളും അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി. ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം എസ്.എസ്.ജി. ചെയർമാൻ കെ.കെ. പ്രേമൻ നിർവ്വഹിച്ചു.
ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് അജയകുമാർ, മദർ പി.ടി.എ. പ്രസിഡന്റ് പി.എം. ഫസലിയ, കെ. സറീന, ടി.പി. നാണു, കെ.വി. ചന്ദ്രൻ, വി.പി. സതീശൻ, സുധീഷ് ജനത, സജീന ജലീൽ, വിവേക് പയ്യോളി, യു.പി. സിയാദ്, മഞ്ജിമ സുധീഷ്, എൻ.കെ. ഷർബിന, പി. രഞ്ജിനി, എൻ. സിന്ധു, ആർ.എസ്. ദീപ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് നഴ്സറി-അങ്കണവാടി കലോത്സവവും സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
