പേരാമ്പ്ര അനൗൺസ്‌മെൻറ് വിവാദം; വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ്, ഷാഫി പറമ്പിലിനെ പോലെ ഫാത്തിമ തഹ്‌ലിയയും താരമായെന്ന് കുഞ്ഞാലിക്കുട്ടി

news image
Apr 2, 2026, 8:56 am GMT+0000 payyolionline.in

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ചൂടേറിയ ചർച്ചയായി പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്നുള്ള അനൗൺസ്‌മെന്റിന്റെ ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി. ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.

വിദ്വേഷ പരാമർങ്ങൾ അടങ്ങിയ അനൗൺസ്മെൻ്റ് ആരാണ് നടത്തിയതെന്ന് അറിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. താൻ അറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഒരുവിധ പ്രചാരണവും ഉണ്ടായിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വാഹനം ഏതാണ് എന്നും തനിക്കറിയില്ല. ഫാത്തിമ തഹ്‍ലിയയുമായി ഇന്നലെയും സംസാരിച്ചിരുന്നുവെന്നും സൗഹൃദത്തോടെയാണ് പിരിഞ്ഞതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

എൽഡിഎഫിൻറെ വാദം തള്ളി പി കെ കുഞ്ഞാലിക്കുട്ടി
അനൗൺസ്മെന്റ് ദൃശ്യങ്ങൾ തങ്ങളുടേതല്ലെന്ന എൽഡിഎഫിന്റെ വാദം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ മണ്ടന്മാരാണെന്ന് കരുതരുത്. ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ ചെയ്ത അതേ വിഡ്ഢിത്തരമാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്. അന്ന് തിരിച്ചടിച്ച പോലെ പേരാമ്പ്രയിലും തിരിച്ചടി ഉണ്ടാകുമെന്നും ഷാഫിയെപ്പോലെ ഫാത്തിമ തഹ്‌ലിയയും താരമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അറിയപ്പെടുന്ന സ്ഥാനാർത്ഥി എന്ന നിലക്കാണ് ഫാത്തിമ തഹ്‌ലിയയെ നിർത്തിയത്. ഷാഫിക്ക് കിട്ടിയ വീര പരിവേഷം ഫാത്തിമ തഹ്‌ലിയക്കും കിട്ടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe