തിരുവനന്തപുരം: ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞ് ഇലക്ഷൻ സ്ക്വാഡ്. നിയമലംഘനവും പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ് ബസ് യാത്ര തടഞ്ഞത്. എൽഡിഎഫിന്റെ പരാതിയിലാണ് ഇലക്ഷൻ സ്വക്വാഡ് പരിശോധന നടത്തിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
ചിറയിൻകീഴ് മുതൽ കോരാണി വരെയും തിരിച്ചുമാണ് ട്രയൽ റൺ എന്ന നിലയിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാൽ ബസ് കോരാണിയിലെത്തിയപ്പോൾ ഇലക്ഷൻ സ്ക്വാഡ് വന്ന് തടയുകയായിരുന്നു. മടക്ക യാത്രയ്ക്കായി ബസിൽ കയറിയവരെ ഇറക്കി വിടുകയും ചെയ്തു. റൂട്ടിൽ ഓടുന്ന ബസിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നായിരുന്നു ഇലക്ഷൻ സ്ക്വാഡ് നൽകിയ നിർദേശം.
ബസിന് പുറത്ത് പ്രചരണാർത്ഥം ഒട്ടിച്ച ചിത്രങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തിരിച്ചുള്ള യാത്ര കോൺഗ്രസ് ഉപേക്ഷിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങൾ നേരത്തെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ അഞ്ച് ഗ്യാരണ്ടികളാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.
