ചന്ദനത്തിരി അണയ്ക്കാൻ ആവശ്യപ്പെട്ടു; പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ മർദ്ദിച്ചു

news image
Mar 22, 2026, 6:44 am GMT+0000 payyolionline.in

പേരാമ്പ്ര: ഇന്ധനം നിറയ്ക്കുന്നതിനിടെ സുരക്ഷാ നിർദ്ദേശം നൽകിയ പെട്രോൾ പമ്പ് ജീവനക്കാരിക്ക് ക്രൂരമർദ്ദനം. മൂരികുത്തിയിലെ ‘പ്രോമിസ് ഫ്യൂവൽസ്’ ജീവനക്കാരിയായ പാറാട്ടുപാറ നിരവത്ത് ഉഷ (48)യ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്തു.

മാർച്ച് 19-ന് രാവിലെ 7.30-ഓടെയാണ് സംഭവം. പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉഷ, സുരക്ഷാ കാരണങ്ങളാൽ അത് അണയ്ക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, പ്രകോപിതനായ ഡ്രൈവർ ഡീസൽ ടാങ്കിന്റെ മൂടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് പരാതി.

പരിക്കേറ്റ ഉഷയെ ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പമ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe