കോഴിക്കോട്: മുസ്ലിം ലീഗ് വേദികളിലെ തീപ്പൊരി പ്രാസംഗികയായിരുന്ന ആഷിഖ ഖാനം പാർട്ടിയിൽ താൻ നേരിടുന്ന അവഗണനകളെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത്. ഹരിത വിവാദത്തിന് ശേഷം പാർട്ടിയിൽ അരികുവൽക്കരിക്കപ്പെട്ടതിനെക്കുറിച്ചും തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആഷിഖ നിലപാട് വ്യക്തമാക്കിയത്. എത്രയൊക്കെ മാറ്റിനിർത്തപ്പെട്ടാലും മുസ്ലിം ലീഗ് രാഷ്ട്രീയത്തോടുള്ള തന്റെ കൂറ് അവസാനം വരെ തുടരുമെന്ന് അവർ പ്രഖ്യാപിച്ചു.
പലപ്പോഴും പരിപാടികൾക്കായി തീയതി നിശ്ചയിച്ച ശേഷം, അവസാന നിമിഷം ‘എതിർപ്പുണ്ട്’ എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കാറുണ്ടെന്ന് ആഷിഖ പറയുന്നു. പാർട്ടിക്കെതിരെ സംസാരിച്ചവർ എന്ന മുദ്രകുത്തിയാണ് ഈ മാറ്റിനിർത്തൽ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പ്രാദേശിക നേതൃത്വം താൽപ്പര്യപ്പെട്ടിട്ടും, പൊതുവേദികളിൽ തന്നെ “പെൺപുലി” എന്ന് വിശേഷിപ്പിക്കാറുള്ള മുതിർന്ന നേതാവ് ഇടപെട്ട് ആ അവസരം മുടക്കിയതായും അവർ കുറിപ്പിൽ വെളിപ്പെടുത്തി.
ലീഗിൽ നിന്ന് അകന്നുനിന്ന സമയത്ത് മറ്റ് രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളും എം.എൽ.എമാരും വലിയ വാഗ്ദാനങ്ങളുമായി സമീപിച്ചിരുന്നു. എന്നാൽ ലീഗ് അല്ലാത്ത മറ്റൊരു രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന നിലപാടിലായിരുന്നു താൻ. 12-ാം വയസ്സിൽ ഇ.ടി. മുഹമ്മദ് ബഷീറിന് വേണ്ടി പ്രസംഗിച്ചാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഹരിതയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച തനിക്ക് വേണ്ടി ഫാത്തിമ തഹ്ലിയ ഉൾപ്പെടെയുള്ളവർ നേതൃത്വവുമായി സംസാരിച്ചിട്ടും താനാണ് മടക്കയാത്ര വേണ്ടെന്ന് വെച്ചതെന്നും ആഷിഖ കൂട്ടിച്ചേർത്തു.
അധികാരത്തിന് വേണ്ടി കളം മാറുന്നവർക്കിടയിൽ, സ്ഥാനമാനങ്ങൾക്കല്ല പാർട്ടിയോടുള്ള സ്നേഹത്തിനാണ് താൻ മുൻഗണന നൽകുന്നത്. അനീതികൾക്കെതിരെ ശബ്ദിച്ചുകൊണ്ട്, ഒരു മുസ്ലിം ലീഗുകാരിയായി പച്ചപ്പതാക പുതച്ച് യാത്രയാകുന്നതുവരെ ഈ മണ്ണിലുണ്ടാകുമെന്നും ആഷിഖ ഖാനം കുറിപ്പിലൂടെ വ്യക്തമാക്കി.
