ഹാൻസ് പിടിച്ചതിന് എക്സൈസ് പിഴയിട്ടു; കലിപ്പുതീർക്കാൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച് യാത്രക്കാരൻ

news image
Mar 21, 2026, 6:01 am GMT+0000 payyolionline.in

കോഴിക്കോട്: ഹാൻസ് കൈവശം വെച്ചതിന് എക്സൈസ് പിഴയിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ യാത്രക്കാരൻ ബസ് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർ ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തിനാണ് (43) മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവം.

യാത്രയ്ക്കിടെ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ പക്കൽ നിന്ന് ഹാൻസ് കണ്ടെടുത്തിരുന്നു. ഉദ്യോഗസ്ഥർ പിഴയൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്ന് പേരും മേൽവിലാസവും കുറിച്ചെടുത്ത എക്സൈസ് സംഘം, കോടതിയിൽ പിഴയൊടുക്കാൻ നിർദേശിച്ച് യാത്ര തുടരാൻ അനുവദിച്ചു.

എന്നാൽ, ബസ് കോഴിക്കോട് സ്റ്റാൻഡിലെത്തിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരൻ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. ഈ സമയം സീറ്റിലിരുന്ന് ടിക്കറ്റ് മെഷീനിലെ കണക്കുകൾ പരിശോധിക്കുകയായിരുന്നു അഭിജിത്ത്. മർദനത്തിന് ശേഷം ഒളിവിൽ പോയ യാത്രക്കാരനായി നടക്കാവ് പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ടക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe